വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു

Advertisement
Featured Image

കൽപ്പറ്റ: കഴിഞ്ഞ രണ്ട് മാസത്തിനിടെ മികച്ച സേവനം കാഴ്ച്ച വെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു. വയനാട് ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ.എസ്.പി, ബത്തേരി, കൽപ്പറ്റ ഡിവൈ.എസ്.പി മാർ ഉൾപ്പെടെയുള്ള 50 പോലീസ് ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. എല്ലാവർക്കും ജില്ലാ പോലീസ് മേധാവി പ്രശസ്തി പത്രം കൈമാറി. ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിൽ സംഘത്തിലെ പത്ത് പേരെ അതിവിദഗ്ധമായി പിടികൂടിയതിലും, അർധരാത്രിയിൽ ബസ് കേടായി വനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചതിലും, മലേഷ്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്വേഷണം നടത്തി മലപ്പുറത്തുനിന്ന് കണ്ടെത്തിയതിലും, സ്റ്റേഷനിൽനിന്ന് തൊണ്ടിമുതൽ മോഷണം പോയ കേസിൽ പ്രതിയെ അതിവേഗം പിടികൂടിയതിലും മറ്റു അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.

റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട വയോധികനെ കൈകളിൽ കോരിയെടുത്ത് സുരക്ഷിതമായി മറുപുറത്തെത്തിച്ച സാമൂഹിക ഉത്തരവാദിത്വത്തിനും കരുതലിനും മാതൃകയായ ഉദ്യോഗസ്ഥനും ആദരവ് ഏറ്റുവാങ്ങി.


അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡി വൈ.എസ്.പിമാരായ എം.എം. അബ്ദുൽ കരീം, സുരേഷ് ബാബു, ടി.എ. അഗസ്റ്റിൻ, ഷജു ജോസഫ്, കൽപ്പറ്റ ഐ.പി എ.യു. ജയപ്രകാശ്, എൻ.സെൽ ഐ.പി വി. സിജിത്ത്, ഡി.പി.ഒ മാനേജർ സി.കെ മനേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച 'അഭിനന്ദന ദിനം'(അപ്രീസിയേഷൻ ഡേ) ആചരിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്.

Advertisement

Related News