വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്

Advertisement
Featured Image

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക 'മിഷന്‍' ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 


മുമ്പ് വന്യമൃഗ ആക്രമണം നടന്ന് പരിക്കേറ്റ് വീട്ടില്‍ കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി അത്തരം ആളുകളുടെ ഡാറ്റ ശേഖരിക്കാനും അവരുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശുപാര്‍ശ ഗവണ്‍മെന്റിന് മുന്നില്‍ വെക്കുമെന്നും മന്ത്രി പറഞ്ഞു. 


വന്യ ജീവി ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള തുക അഡ്വാന്‍സ് സ്‌കീമില്‍ നിന്നും വാങ്ങി നല്‍കുന്നതിനാല്‍ ആകെ 10 ലക്ഷം മാത്രമേ നല്‍കാന്‍ സാധിക്കുന്നുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് നഷ്ടപരിഹാരം 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ കുടിശ്ശികയുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വകുപ്പുതല സഹായം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തണം. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്‌സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും അടങ്ങുന്ന സമിതി യോഗത്തില്‍ അപേക്ഷകള്‍ കൃത്യമായി നിരീക്ഷിച്ച് 'സീറോ കോമ്പന്‍സേഷന്‍' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.


വന്യ ജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്‍ക്കാലിക ജോലികള്‍ അടിയന്തിരമായി നല്‍കാനുള്ള ഒരു സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ കുടിശ്ശികയായി കിടക്കുന്നുണ്ട് എന്ന വിവരം കൈമാറണം. വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെണ്ടര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും വൈകി കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.ആനകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവീധാനം ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെയുള്ള അലാറം സിസ്റ്റം ക്രമീകരിച്ച് മുന്നോട്ട് പോകണം. ആര്‍ ആര്‍ ടി, കുങ്കിയാനകള്‍, ഷൂട്ടര്‍മാര്‍ എന്നിവരുടെ ഏകോപനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 


വനത്തോട് അതിര്‍ത്തി പങ്കിടുന്ന റോഡരികിലുള്ള കാടുകള്‍ സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടാനുള്ള നിര്‍ദേശം നല്‍കണമെന്നും മന്ത്രി പറഞ്ഞു.  


കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍, സി.സി.എഫ്. ബി എന്‍ അഞ്ചന്‍കുമാര്‍, ടി ഉമ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

Related News