സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്. ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളിൽ ഈ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉൾപ്രദേശങ്ങളിലും പാൽ എത്തിക്കണമെങ്കിൽ ലിറ്ററിന് 65 മുതൽ 70 രൂപ വരെ ചെലവ് വരും. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാൽ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്

