മേപ്പാടി കള്ളാടിയിൽ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ എന്നിവരാണ് മരിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വയനാട് കള്ളാടിയില്‍ എത്തുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഹിമാല്‍പ്രദേശ് സ്വദേശികളായ വിക്രം റാണ(കണ്‍സ്ട്രക്ഷന്‍ മാനേജര്‍), രാഹുല്‍(എഞ്ചിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍(എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍), പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുചൈത്(സര്‍വേയര്‍), ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി(സര്‍വേയര്‍) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്.

