ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Advertisement
Featured Image

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി ഒരു സംഘം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മദ്ദൂരിന് സമീപം രണ്ട് വാഹനങ്ങളിലെ യാത്രക്കാര്‍ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതികളായ മൂന്നു പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു .


ഞായറാഴ്ച രാത്രി 10.30-ഓടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗണഗനൂരു ടോൾ പ്ലാസക്ക് സമീപമായിരുന്നു സംഭവം. ഗതാഗതക്കുരുക്കിനിടെ പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ മുന്നിലുണ്ടായിരുന്ന മാരുതി ആൾട്ടോ കാറിൽ ഇടിച്ചു. ഇതാണ് പ്രശ്നങ്ങളിലെക്ക് എത്തിച്ചത്. സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ ആൾട്ടോയെ പോകാൻ അനുവദിച്ചില്ല. തുടര്‍ന്നു കാറില്‍ നിന്നിറങ്ങിയ അക്രമി സംഘം ആൾട്ടോ കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന സാഗർ കുമാറിനെ (37) പുറത്തിറക്കി മർദിക്കുകയായിരുന്നു. സാഗറിന്റെ ഭാര്യയും കുട്ടികളും പ്രായമായ സ്ത്രീയും ഈ സമയം കാറിൽ ഉണ്ടായിരുന്നു. ഇവർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കെതിരെയും പ്രതികൾ തിരിഞ്ഞു.


അക്രമത്തിനു ഇരയായ സാഗർ ബിഎംആർസിഎല്ലിൽ അസിസ്റ്റന്റ് മാനേജരാണ്. കുടുംബസമേതം ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ആക്രമിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും മാണ്ഡ്യ പോലീസ് സൂപ്രണ്ട് ശോഭ റാണി പറഞ്ഞു. ബെംഗളൂരു എ.ജി.എസ് ലേഔട്ട് സ്വദേശികളായ സന്തോഷ്, അരുൺ, അഭിനന്ദൻ എന്നീ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്​ത​തെന്ന് എസ്പി അറിയിച്ചു. വെങ്കിടേഷ്, പ്രതാപ് എന്നീ രണ്ട് പ്രതികൾ ഒളിവിലാണെന്നും എസ്.പി പറഞ്ഞു.


എക്‌സ്‌പ്രസ് വേകളിൽ ഇത്തരം സംഭവങ്ങൾ തടയാൻ പട്രോളിംഗ് ശക്തമാക്കുമെന്നും പൊതുനിരത്തിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

Advertisement

Related News