ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ ആയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാറിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി ബുധനാഴ്ച 12 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നേരത്തെ സംസാരിച്ചതായും ചെന്നിത്തല അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. വഴിയിൽ വെച്ച് അപരിചിതരോ, ക്ലാസിൽ സഹപാഠികളോ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്.

