'ഈ കളി വെച്ച് ഞങ്ങള്‍ ഫൈനൽ അർഹിക്കുന്നില്ല'; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് എംബാപ്പെ

Advertisement
Featured Image

ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ സഹതാരങ്ങളെയും ടീമിന്‍റെ തന്ത്രങ്ങളെയും പരസ്യമായി തള്ളിപ്പറഞ്ഞ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്‍റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും എംബാപ്പെ തോല്‍വിക്കുശേഷം തുറന്നുപറഞ്ഞു. മത്സരത്തിലുടനീളം തന്ത്രപരമായി സ്പെയിൻ ഫ്രാൻസിനെ അടിച്ചമർത്തുകയായിരുന്നു. ഫ്രാൻസിന്‍റെ കരുത്തുറ്റ ആക്രമണനിരയെ പൂർണമായും പൂട്ടിയ സ്പെയിൻ, ഫ്രഞ്ച് പ്രതിരോധത്തിന്‍റെ പിഴവുകൾ കൃത്യമായി മുതലെടുക്കുകയും ചെയ്തു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് എംബാപ്പെ സഹതാരങ്ങൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

കളിയിൽ ഫ്രാൻസ് പൂർണ്ണ പരാജയമായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടിൽ പുറത്തെടുത്തത്. ഒരു ലോകകപ്പ് സെമി ഫൈനലിൽ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാതിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ പന്തടക്കവും നീക്കങ്ങളും ഒരു സെമി ഫൈനലിന് ഒട്ടും യോഗ്യമായിരുന്നില്ല-എംബാപ്പെ വ്യക്തമാക്കി. സ്പെയിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ പ്രതിരോധിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാൽ കളി നിയന്ത്രിക്കുന്നതിൽ സ്പെയിൻ തങ്ങളേക്കാൾ എത്രയോ മുന്നിലായിരുന്നുവെന്നും എംബാപ്പെ സമ്മതിച്ചു.

Advertisement

Related News