ന്യൂയോര്‍ക്ക്: ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന 2026 ലോകകപ്പ് ഫൈനല്‍ മഹാപോരാട്ടത്തിനൊടുവില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാരായി സ്‌പെയിന്‍ സിംഹാസനമേറി. ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ എക്‌സ്ട്രാ ടൈം വരെ നീണ്ട ചോരയും നീരും ചിന്തിയ പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒരൊറ്റ ഗോളിന് തകര്‍ത്തെറിഞ്ഞാണ് സ്പാനിഷ് പട തങ്ങളുടെ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്. കളിച്ചതും ജയിച്ചതും സ്‌പെയിന്‍ മാത്രമാണെന്ന് അടിവരയിടുന്നതായിരുന്നു ഫൈനല്‍ പോരാട്ടം. ലയണല്‍ മെസ്സിയെന്ന മാന്ത്രികനെ ഒരടിപോലും മുന്നേറാന്‍ അനുവദിക്കാതെ വരിഞ്ഞുമുറുക്കിയ സ്പാനിഷ് 'ടോട്ടല്‍ ഫുട്‌ബോള്‍' തന്ത്രങ്ങള്‍ക്ക് മുന്നില്‍ അര്‍ജന്റീന ഒടുവില്‍ മുട്ടുമടക്കുകയായിരുന്നു.
64 വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് എന്ന ലയണല്‍ മെസ്സിയുടെയും അര്‍ജന്റീനയുടെയും ചരിത്ര സ്വപ്നങ്ങള്‍ക്കാണ് എക്‌സ്ട്രാ ടൈമിന്റെ 105-ാം മിനിറ്റില്‍ സൂപ്പര്‍ സബ്ബായി എത്തിയ ഫെറാന്‍ ടോറസ് അടിച്ചുകയറ്റിയ ആ മാരക ഗോള്‍ കരിനിഴല്‍ വീഴ്ത്തിയത്. പെഡ്രോ പോറോ ബോക്‌സിന്റെ പിന്‍ഭാഗത്തേക്ക് നല്‍കിയ പന്ത് നിക്കോ വില്യംസ് മനോഹരമായി ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍, ഒട്ടും സമയം കളയാതെ ടോറസ് പന്ത് അര്‍ജന്റീനന്‍ വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും കോട്ട കെട്ടി കാത്ത അര്‍ജന്റീനന്‍ പ്രതിരോധത്തെയും ഗോളി എമി മാര്‍ട്ടീനസിനെയും കാഴ്ചക്കാരാക്കിയായിരുന്നു യൂറോപ്യന്‍ ചാമ്പ്യന്മാരുടെ ഈ വിശ്വവിജയം.
മെസ്സിയെ പൂട്ടി സ്പാനിഷ് ജയം; ഒരു ഷോട്ട് പോലുമില്ലാതെ നാണംകെട്ട് ചാമ്പ്യന്മാര്‍
മത്സരത്തിലുടനീളം അര്‍ജന്റീനയെ പൂര്‍ണ്ണമായും ഔട്ട്ക്ലാസ്സ് ചെയ്യുന്ന പ്രകടനമാണ് സ്‌പെയിന്‍ പുറത്തെടുത്തത്. ഒരു വശത്ത് സ്‌പെയിന്‍ ടിക്കി-ടാക്കയും ടോട്ടല്‍ ഫുട്‌ബോളും സമന്വയിപ്പിച്ച് തുരുതുരാ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മറുഭാഗത്ത് ഒരൊറ്റ ഷോട്ട് പോലും സ്പാനിഷ് ഗോള്‍പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ കഴിയാതെ നാണംകെട്ട അവസ്ഥയിലായിരുന്നു അര്‍ജന്റീനന്‍ മുന്നേറ്റനിര. മധ്യനിരയില്‍ പന്തുമായി മുന്നേറാന്‍ ശ്രമിച്ച ലയണല്‍ മെസ്സിയെ റോഡ്രിയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് കോട്ട കൃത്യമായി പൂട്ടിയതോടെ അര്‍ജന്റീനയുടെ താളം പൂര്‍ണ്ണമായും തെറ്റി. മെസ്സിയെ പന്തെത്തിക്കാതെ ശ്വാസം മുട്ടിച്ച സ്പാനിഷ് പ്രതിരോധം തന്നെയാണ് ഈ വിജയത്തിന്റെ യഥാര്‍ത്ഥ ശില്പികള്‍. ആദ്യ പകുതിയില്‍ വെറും 196 പാസുകള്‍ മാത്രം ചെയ്ത അര്‍ജന്റീനയെ സ്വന്തം ഹാഫില്‍ 170 പാസുകള്‍ ചെയ്താണ് സ്‌പെയിന്‍ വിറപ്പിച്ചത്.
മാര്‍ട്ടീനസിന്റെ അദ്ഭുത സേവുകളും എന്‍സോയുടെ ചുവപ്പ് കാര്‍ഡും
നിശ്ചിത സമയത്ത് സ്‌പെയിനിന്റെ വമ്പന്‍ ആക്രമണങ്ങളെ നെഞ്ചുവിരിച്ചു നേരിട്ടത് ഗോളി എമി മാര്‍ട്ടീനസ് മാത്രമായിരുന്നു. കളി ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ (90+8') എത്തിനില്‍ക്കെ സ്പാനിഷ് വണ്ടര്‍ കിഡ് ലമീന്‍ യമാല്‍ ഉതിര്‍ത്ത ഗോളെന്നുറച്ച ഫ്രീ കിക്ക് ഇടത്തോട്ട് ഡൈവ് ചെയ്ത് മാര്‍ട്ടീനസ് അദ്ഭുതകരമായി തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളില്ലായിരുന്നു. എന്നാല്‍ കളിയുടെ 82-ാം മിനിറ്റില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് റഫറിയോട് തര്‍ക്കിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയതും, പിന്നീട് 90-ാം മിനിറ്റില്‍ കുബാര്‍സിയെ മാരകമായി ഫൗള്‍ ചെയ്ത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അര്‍ജന്റീനയ്ക്ക് ഇരട്ടപ്രഹരമായി മാറി. പത്തുപേരുമായി ചുരുങ്ങിയത് അര്‍ജന്റീനയ്ക്ക് എക്‌സ്ട്രാ ടൈമില്‍ കനത്ത തിരിച്ചടിയായി.
തന്ത്രങ്ങള്‍ പാളി സ്‌കലോണി; 16 വര്‍ഷത്തിന് ശേഷം സ്‌പെയിന്‍ വീണ്ടും സിംഹാസനത്തില്‍
പത്തുപേരുമായി ചുരുങ്ങിയ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ സ്‌പെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. കളിയിലെ തന്ത്രങ്ങള്‍ പാളിയതോടെ അര്‍ജന്റീന കോച്ച് സ്‌കലോണി ക്രിസ്റ്റ്യന്‍ റൊമേറോയെയും റോഡ്രിഗോ ഡി പോളിനെയും വരെ ബെഞ്ചിലേക്ക് പിന്‍വലിച്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും സ്പാനിഷ് ആധിപത്യത്തെ തടയാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. 2010-ല്‍ ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ആന്ദ്രേ ഇനിയേസ്റ്റ കുറിച്ച ചരിത്രത്തിന് സമാനമായാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഫെറാന്‍ ടോറസിലൂടെ സ്‌പെയിന്‍ ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നത്.
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ വീണ്ടും ലോക ഫുട്‌ബോളിന്റെ അധിപന്മാരാകുമ്പോള്‍, ലയണല്‍ മെസ്സിയുടെ ഇതിഹാസ യുഗത്തിന് കണ്ണീരോടെയുള്ള അന്ത്യം കൂടിയാണ് ന്യൂയോര്‍ക്കില്‍ കുറിക്കപ്പെടുന്നത് എന്ന് വിലയിരുത്തലുണ്ട്. പക്ഷേ അടുത്ത ലോകകപ്പിലും മെസി വരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

