തിരുവനന്തപുരം: നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി നിർത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡിബിടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞു.

