ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്‍റെ ഭീഷണി

Advertisement
Featured Image

യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

Advertisement

Related News