പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി

Advertisement
Featured Image

തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം- മന്ത്രി കെ.എം ഷാജി


പടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളര്‍ത്തുനായ്കളെ നിരുത്തരവാദപരമായി തെരുവില്‍ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവില്‍ തെരുവുനായ്ക്കളുടെ ഇരട്ടി വളര്‍ത്തു നായ്ക്കള്‍ കേരളത്തിലുണ്ട്. വളര്‍ത്തുനായ്ക്കള്‍ പ്രസവിക്കുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെ തെരുവുകളില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. 


ഗ്രാമപഞ്ചായത്തുകളില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാര്‍പ്പിക്കാന്‍ കഴിയും വിധത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷന്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജേഴ്‌സിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റും മന്ത്രി വിതരണം ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയില്‍ ആദരിച്ചു. എ.ബി.സി സെന്ററിലെ ഓപറേഷന്‍ തിയേറ്റര്‍ എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു.


തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂര്‍ത്തീകരിച്ച് സെന്ററില്‍ ഓപറേഷന്‍ തിയേറ്റര്‍, പ്രീ-സര്‍ജറി മുറികള്‍, പോസ്റ്റ് ഓപറേറ്റീവ് ഷെല്‍ട്ടര്‍, 84 കൂടുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ പരിസരങ്ങള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളില്‍ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകള്‍ക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കും. തുടര്‍ന്ന് പേ വിഷ പ്രതിരോധകുത്തിവെപ്പ് നല്‍കി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായി. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ കൈമാറി. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി 'തെരുവുനായ നിയന്ത്രണം -പ്രശ്‌നങ്ങളും പ്രായോഗിക പരിഹാര നിര്‍ദേശങ്ങളും' എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടര്‍ ഡോ.വി ജയേഷ് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ. ആര്‍ ബിനു പ്രശാന്ത് മോഡറേറ്ററായി. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.ജെ മാനോജ്, വെറ്ററിനറി സര്‍ജന്‍ ഡോ. ആര്യ തെരേസ എന്നിവര്‍ സംസാരിച്ചു.


മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരായ കെ.കെ അസ്മ, എം.ജി ബിജു, ജാസര്‍ പാലക്കല്‍, ഖമര്‍ ലൈല, സി.വി രാജന്‍, സി സി രജിത, നാസര്‍ കാദിരി, റംല ഹംസ, സൂസി ബാബു, വി കേശവന്‍, സി.പി രഞ്ജിത്ത്, എസ്.എം പ്രമോദ് മാസ്റ്റര്‍, അഞ്ചു ബാലന്‍, ഗിരിജാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിനി തോമസ്, വി എന്‍ ശശീന്ദ്രന്‍, ഗിരിജാ കൃഷ്ണന്‍, സല്‍മ മോയി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാലില്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കമലാ രാജന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ വൈശ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രേമന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാജിത നൗഷാദ്, യു.സി അമ്പിളി, ഹാരിസ് കണ്ടിയന്‍, വാര്‍ഡ് അംഗം ശാന്ത ബാബു, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

Related News