പലരും ആരോഗ്യത്തെക്കുറിച്ച് കരുതി പഞ്ചസാര ഒഴിവാക്കി പകരം ശര്ക്കര ഉപയോഗിക്കുന്നത് പതിവാണ്. വണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും പഞ്ചസാരയേക്കാള് നല്ലത് ശര്ക്കരയാണെന്ന ധാരണയാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്.എന്നാല് ശര്ക്കര ശരിക്കും ആരോഗ്യകരമാണോ എന്നത് പലപ്പോഴും സംശയമുണ്ടാക്കുന്ന കാര്യമാണ്.
ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച് ആന്റിഓക്സിഡന്റുകളും ധാതുക്കളും കൂടുതലായി അടങ്ങിയ ഒന്നാണ് ശര്ക്കരയെന്ന് 'ഇന്റര്നാഷണല് ജേണല് ഓഫ് അപ്ലൈഡ് ഹോം സയന്സ്' ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര അമിതമായി കഴിച്ചാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും ശരീരത്തില് കൊഴുപ്പ് അടിയാനും സാധ്യതയുണ്ട്. ഇതില് നിന്നെല്ലാം വ്യത്യസ്തമായി ശര്ക്കരയില് പോഷകങ്ങള് അടങ്ങിയിട്ടുണ്ടെങ്കിലും, ഇവ രണ്ടും ശരീരത്തില് കലോറി വര്ധിപ്പിക്കുന്ന കാര്യത്തില് ഏറെക്കുറെ തുല്യമാണെന്നാണ് വിദഗ്ധര് വ്യക്തമാക്കുന്നത്.ശര്ക്കരയിലെയും വെളുത്ത പഞ്ചസാരയിലെയും കലോറിയുടെ അളവ് പരിശോധിച്ചാല്, അവയില് ഏകദേശം തുല്യമായ അളവാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം ശര്ക്കരയില് 383 കലോറിയും വെളുത്ത പഞ്ചസാരയില് 387 കലോറിയുമാണുള്ളത്. എങ്കിലും ഇവയുടെ പോഷക ഘടന ശരീരത്തില് വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ശര്ക്കര കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒരു പരിധി വരെ തടയാന് സാധിക്കുമെങ്കിലും ശര്ക്കര മാത്രം കഴിക്കുന്നത് ഒരിക്കലും ശരീരഭാരം കുറയ്ക്കാന് സഹായിക്കില്ല. ശര്ക്കര അമിതമായി ഉപയോഗിച്ചാലും ശരീരഭാരം വര്ധിക്കാന് സാധ്യതയുണ്ട്. അതിനാല് ഏത് മധുരവും മിതമായ അളവില് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്.

