ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയില്‍വേ സ്റ്റേഷന്റെ പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.ഹാള്‍ട്ട് സ്റ്റേഷൻ മാതൃകയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം.
പദ്ധതി പൂർത്തിയായാല്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളില്‍ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ലൈനിനോടു ചേർന്ന് മേല്‍പാലത്തിന്റെ അടിയിലാണ് പുതിയ റെയില്‍വേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എയർ കണ്ടീഷൻ വെയിറ്റിംഗ് ഹാള്‍, ടിക്കറ്റ് ബുക്കിംഗ് ഓഫീസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്ക് മാത്രമായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാന യാത്രക്കാർക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്‌ട്രിക് ബഗികളും ഒരുക്കും.റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാല്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമായി വരില്ല. 19 കോടി രൂപയാണ് നിർമാണച്ചെലവു പ്രതീക്ഷിക്കുന്നത്.
2010ല്‍ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോള്‍ പദ്ധതി ജീവൻ വച്ചത്.വരുന്നത് മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബ്
കൊച്ചി: കര, ജലം, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയില്‍ വരുന്നത്.കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.
വിമാനത്താവളത്തിന് മുന്നിലെ താജ് ഹോട്ടലിന് സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്.മെട്രോ സ്റ്റേഷനില്‍ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.
പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയില്‍വേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി നെടുമ്പാശേരി മാറും.

