കൽപ്പറ്റ: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ മുണ്ടേരി മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വയനാട് ജില്ലാ സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി.
രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റിൽ വയനാട് ജില്ലയിലെ 27 സ്പോർട്സ് ക്ലബ്ബുകളിൽ നിന്നായി 275 കായികതാരങ്ങൾ പങ്കെടുത്തു. ഒക്ടോബർ 4, 5 തീയതികളിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിന് മുന്നോടിയായാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്.
ജൂനിയർ വിഭാഗത്തിൽ 154 പോയിന്റും സീനിയർ വിഭാഗത്തിൽ 93 പോയിന്റും നേടിയാണ് ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
ജൂനിയർ വിഭാഗത്തിൽ 150 പോയിന്റുമായി നവാഗതരായ പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 148 പോയിന്റുമായി കൽപ്പറ്റ ജില്ലാ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ 46 പോയിന്റുമായി കാട്ടിക്കുളം സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. 14 പോയിന്റ് നേടിയ മീനങ്ങാടി സ്പോർട്സ് അക്കാദമിയാണ് മൂന്നാം സ്ഥാനത്ത്.
സമാപന സമ്മേളനത്തിൽ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സജി ചങ്ങനാമടത്തിൽ അധ്യക്ഷനായി. എസ്.എം.എസ്.ഡി.വൈ.എസ്.പി ഷജു ജോസഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

