ആനകൊമ്പ് കേസ് അറസ്റ്റിലായത് ആറ് പേർ

Advertisement
Featured Image

ചെതലയം ആറാംമൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ ആകെ ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കൊമ്പുകൾ എത്തിച്ചുനൽകിയവരും വിൽപ്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചവരുമാണ് പിടിയിലായത്. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽ

ഹാജരാക്കി റിമാൻഡ് ചെയ്തു.


ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരു ജോഡി ആനക്കൊമ്പും ഒരു കഷണവും അടക്കം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വടക്കനാട് പണയമ്പം സ്വദേശി ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ സ്വദേശി അഭിലാഷ് (44) എന്നിവർ പിടിയിലാകുന്നത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആനക്കൊമ്പ് സംഘടിപ്പിച്ചു നൽകിയ മറ്റ് നാല് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കുറിച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലൻ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പി.എം. ജിത്തു (27), പണയമ്പം ഉന്നതിയിലെ എൻ. മനോജ് (35) എന്നിവരാണ് പിന്നീട് വലയിലായത്.


ചോദ്യം ചെയ്യലിൽ, രണ്ട് വലിയ ആനക്കൊമ്പുകൾ കർണാടക വനാതിർത്തിയിൽ നിന്നാണ് തനിക്ക്

ലഭിച്ചതെന്ന് ബാലൻ മൊഴി നൽകി. ചെറിയ കഷ്ണം കൊമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചക്ക പറിക്കാൻ പോയപ്പോൾ കിട്ടിയതാണെന്ന് മനോജും മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ജിത്തു മുഖേനയാണ് വിൽപനയ്ക്കായി ഇവ അഭിലാഷിനും ഷമിൻ ഫ്രാൻസിസിനും കൈമാറിയത്.


ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം, കുറിച്യാട് റെയ്ഞ്ച് ഓഫീസ്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് സംഘം കുടുങ്ങിയത്. സംഭവത്തിൽ മറ്റ് വന്യജീവി വേട്ട സംഘങ്ങൾക്കോ അന്തർസംസ്ഥാന ഇടപാടുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

Advertisement

Related News