വയനാടിനെ ആയുർവേദ കേന്ദ്രമാക്കാൻ പ്രവർത്തനം ഊർജിതമാക്കും: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

Advertisement
Featured Image

വയനാടിന്റെ സവിശേഷമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലയെ ഒരു പ്രധാന ആയുർവേദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ “ആരോഗ്യപൂർണ്ണമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 11-മത് ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും ഔഷധസസ്യ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഔഷധസസ്യ കൃഷി വ്യാപകമാക്കുന്നതിനൊപ്പം കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ജില്ലയിൽ ഒരു പുതിയ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ടൂറിസം സാധ്യതകളും ആയുർവേദ മേഖലയുമായി കൂട്ടിയിണക്കാനാകും. ആയുർവേദ ചികിത്സ, വെൽനെസ്, പ്രകൃതി ചികിത്സ, ഔഷധസസ്യാധിഷ്ഠിത ടൂറിസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിനെ ദേശീയതലത്തിൽ ശ്രദ്ധേയമായ ആയുർവേദ–വെൽനെസ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ച സംഭാവനകൾ നൽകിയ ഡോ. ഇ കുമാരൻ നമ്പൂതിരി, ഡോ. കെ പത്മനാഭൻ, ഡോ. വി സത്യാനന്ദനൻനായർ, ഡോ. എൻ ഗോവിന്ദൻ നായർ, ഡോ. കെ.എസ് സുരേന്ദ്ര മോഹൻ എന്നിവരെ ആദരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ബിനോയ് ആയുർവേദ സന്ദേശം നൽകി. റീൽസ് കോംപറ്റീഷൻ വിജയികൾ ക്ക് സമ്മാനങ്ങൾ നൽകി. ആരോഗ്യവും ആയുർവേദത്തിന്റെ സമഗ്രസാധ്യതകളും എന്ന വിഷയത്തിൽ ഗവ. ആയുർവേദ ഡിസ്പെൻസറി മാത്തൂർ മെഡിക്കൽ ഓഫീസറായ ഡോ. എ ഷാബു സെമിനാർ നയിച്ചു. ഡബ്ള്യു.എം. ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഉണർവ്വോടെ യൗവനം എന്ന വിഷയത്തിൽ നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.ആര്യ എസ് ക്ലാസെടുത്തു.


വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാബർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദു നാസർ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സി. സി രജിത, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കേശവൻ, നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഗംഗാധരൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി കെ ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, മുള്ളംകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ബാബു, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രഞ്ജിത്, 

ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അച്ചാമ്മ ലെനു തോമസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹ്‌റ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ ജി രഞ്ജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസ് ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട് എം.എസ് വിനോദ്, 

 ഭാരതീയ ചികിത്സാ വകുപ്പ് റിട്ട. ഡയറക്ടർ അനിതാജേക്കബ് എന്നിവർ പങ്കെടുത്തു.

Advertisement

Related News