വൈത്തിരി: ലഹരിക്കെതിരായ ശക്തമായ സന്ദേശവുമായി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച ‘തൂഫാൻ’ വാക്കത്തോൺ ശ്രദ്ധേയമായി. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ *‘ഓപ്പറേഷൻ തൂഫാൻ’* ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച വാക്കത്തോണിൽ നൂറുകണക്കിന് എൻ.എസ്.എസ്. വോളന്റിയർമാരും അധ്യാപകരും പങ്കെടുത്തു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
വൈത്തിരി സെന്റ് മേരീസ് പള്ളി ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച വാക്കത്തോൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി എസ്.ഐ. സോബിൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ലഹരിക്കെതിരെ യുവതയുടെ കൂട്ടായ പ്രതിരോധം ഉയർത്തിപ്പിടിച്ച വാക്കത്തോൺ സെന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ സമാപിച്ചു.
ലഹരിക്കെതിരായ ബോധവത്കരണം വിദ്യാർഥികളിലും പൊതുസമൂഹത്തിലും ശക്തമാക്കുക, യുവജനങ്ങളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണിയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.
എൻ.എസ്.എസ്. ഹയർ സെക്കൻഡറി ജില്ലാ കൺവീനർ ക കെ.എസ്. ശ്യാൽ, എൻ.എസ്.എസ്. വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ് എന്നിവർ സംസാരിച്ചു.
വൈത്തിരി സെന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ നടന്ന സമാപന ചടങ്ങ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ്. ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ലഹരിക്കെതിരായ വിദ്യാർഥി സമൂഹത്തിന്റെ ശക്തമായ നിലപാടിനും സാമൂഹിക പ്രതിബദ്ധതയ്ക്കും വേദിയായി.
ജില്ലയിലെ 59 എൻഎസ്എസ് യൂണിറ്റുകളിലും പരിപാടിയുടെ ഭാഗമായി തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു.

