സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു

Advertisement
Featured Image

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികൾക്കാണ് ജീവൻ നഷ്ട‌മായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയർത്തുന്നത്, . അതും കുട്ടികൾക്കിടയിൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അഞ്ചാം പനി അഥവാ മീസിൽസ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം 30 കേസുകളായിരുന്നു സ്ഥിരീകരിച്ചത് എങ്കിൽ ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 80 പേർക്കാണ്, ഏറെയും കുട്ടികളിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ ഒരാൾക്കും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും ജീവൻ നഷ്ട‌പ്പെട്ടു. കടുത്ത പനിയും ശരീരത്തിൽ പ്രത്യക്ഷമാകുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങൾ. രോഗനിർണയവും ശരിയായ ചികിൽസയും വൈകിയാൽ മരണം വരെ സംഭവിക്കാം.


പ്രതിരോധ വാക്‌സിൻ കൃത്യമായി എടുക്കുകയാണ് അഞ്ചാം പനി പ്രതിരോധത്തിനുള്ള മാർഗ്ഗം. എന്നാൽ ഇക്കാര്യത്തിൽ താളപ്പിഴകൾ വരുന്നതായി രോഗവ്യാപനത്തിൻ്റെ തോത് വ്യക്തമാക്കുന്നു. കുട്ടികളിൽ ഒന്‌പതാം മാസവും 16 മുതൽ 24 വരെയുളള മാസങ്ങൾക്കിടെയുമാണ് മീസിൽസ് റുബെല്ല വാക്സിൻ എടുക്കേണ്ടത്. ഇത് കൃത്യമായി എടുക്കാത്തവരിലാണ് രോഗം പടരുന്നതെന്ന് ഈ രംഗത്തെ വിധഗ്‌ധർ പറയുന്നു. ഒരേ കുടുംബത്തിലെ തന്നെ ഒന്നിലേറെ കുട്ടികൾക്ക് രോഗം ബാധിച്ച സാഹചര്യവും ഇക്കുറി ഉണ്ടായി. ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തോടൊപ്പമോ അതിലേറയോ വരും രോഗം സംശയിക്കുന്നവരുടെ എണ്ണവും. വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമായതിനാൽ പ്രതിരോധ കുത്തി വയ്പ്പ് ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

Advertisement

Related News