മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു, പ്രതിഷേധം തുടരുന്നു.

Advertisement
Featured Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

Advertisement

Related News