വിദേശരാജ്യങ്ങളിൽ അവസരം വാഗ്ദാനംചെയ്യുന്നവരെ വിശ്വസിച്ച് പണം നഷ്ടപ്പെട്ട ഒട്ടേറെ ആളുകളാണ് മുന്നോട്ടുവരുന്നതെന്നു പ്രവാസി കമ്മിഷൻ. 51 പഴയ പരാതികളും 20 പുതിയ പരാതികളുമടക്കം 71 കേസുകളാണ് ഇന്നലെ പരിഗണനയ്ക്കെടുത്തത്. ലക്ഷങ്ങൾ തട്ടിയ ഒട്ടേറെ കേസുകളും പരിഗണനയ്ക്കെത്തി. പണംവാങ്ങിയശേഷം ഏജന്റുമാരുടെ ഫോൺ നമ്പറുകളിൽ വിളിച്ചാൽ കിട്ടുന്നില്ല. ഉന്നതബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ കൂടുതൽ ലഭിച്ചത്.
തട്ടിപ്പുകേസുകളിൽ തെളിവു കുറവ്
തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പ്രവാസികൾക്ക് ബോധവൽക്കരണം ആവശ്യമാണെന്ന് കേരള പ്രവാസി കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മിഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
വിദേശത്ത് പങ്കാളിത്ത ബിസിനസിൽ പണമിറക്കുകയും അത് തിരിച്ചുലഭിക്കാതിരിക്കുകയും ചെയ്ത ഒട്ടേറെ കേസുകൾ പരിഗണനയ്ക്കു വന്നു. എന്നാൽ, പലരുടെയും കയ്യിൽ പണം കൈമാറിയതിന്റെയോ ബിസിനസ് പങ്കാളിത്തത്തിന്റെയോ കൃത്യമായ രേഖകളില്ല. എതിർകക്ഷികളുടെ കൃത്യമായ വിലാസംപോലും കയ്യിലില്ല.
ഇത് പൊലീസിന് പരിമിതിയുണ്ടാക്കുന്നു. ഇത്തരം കേസുകൾ പരിഹരിക്കുന്നതിൽ കമ്മിഷനും പ്രയാസങ്ങളുണ്ട്. നോർക്കപോലുള്ള സംവിധാനങ്ങളുടെ വെബ്സൈറ്റുകളും നമ്പറുകളുമെല്ലാം ഉപയോഗപ്പെടുത്തണം.
ആശ്രയിക്കേണ്ടവരും തട്ടിപ്പു നടത്തുന്നു
എംബസിവഴിയും നോർക്കപോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും പരമാവധി കേസുകൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ചെയർപഴ്സൻ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി പണം കൈക്കലാക്കുന്ന സംഘടനകളെയും അഭിഭാഷകരെയുംകുറിച്ചും പ്രവാസികൾ ബോധവാന്മാരാകണം. പെൻഷൻ വാഗ്ദാന ചെയ്തു പല സംഘടനകളും പണം വാങ്ങുന്നു. പിന്നീട് അവരുടെ പൊടിപോലും ഉണ്ടാകില്ല. എംബസിയിലെ എംപാനൽ അഭിഭാഷകർ തട്ടിപ്പുനടത്തി പണം തട്ടുന്നുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

