"മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി"പത്മശ്രീ ചെറുവയല്‍ രാമന്‍

Advertisement
Featured Image

മലയാളികളുടെ നെല്ലച്ഛനായ

പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന്‍ എന്ന ചെറുവയല്‍ രാമേട്ടന്‍ ഇനി ഓര്‍മ്മകളില്‍ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവയല്‍ രാമന്‍ ഒക്ടോബര്‍ 14 വൈകിട്ട് 3.30 ഓടെയാണ് അന്തരിച്ചത്. രാമേട്ടന്റെ ജീവിതം സ്വാഭാവിക പ്രകൃതി പാഠമാണ്. പരമ്പരാഗത നെല്‍ വിത്തുകളുടെ സൂക്ഷിപ്പുകാരനായ ചെറുവയല്‍ രാമന്‍ 45 ഇനം നെല്ല് വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. ചെന്നെല്ല്, ഗന്ധകശാല, മുല്ലന്‍പുഞ്ച ഉള്‍പ്പെടെ അപൂര്‍വ്വ നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിച്ച് കാര്‍ഷിക പാരമ്പര്യത്തെ അദ്ദേഹം സംരക്ഷിച്ചുപോന്നു. പരമ്പരാഗത അറിവുകളാല്‍ മണ്ണില്‍ പൊന്ന് വിളയിച്ചാണ് നാടിന്റെ പത്മശ്രീ വിടവാങ്ങിയത്.


മണ്ണ് കൊണ്ട് മെഴുകി നെല്‍കറ്റയാല്‍ മേഞ്ഞ പുല്ലുപുരയില്‍ കൃഷിപാഠങ്ങള്‍ പഠിക്കാനെത്തിയ വീട്ടിലേക്ക് കൈകളില്‍ പൂച്ചെണ്ടുമായി നീണ്ട നിരയാണ് രാമേട്ടന് അന്ത്യാഞ്ജലി നേരാന്‍ കാത്തുനിന്നത്. പരമ്പരാഗത കൃഷി രീതികള്‍ കൈമുതലാക്കിയ കേവലം ഒരു കര്‍ഷകന്‍ എന്നതിലുപരി, വരും തലമുറയ്ക്കായി പ്രകൃതിയുടെ അക്ഷയഖനി കാത്തുസൂക്ഷിച്ച അസാധാരണക്കാരനായ മനുഷ്യനെയാണ് വയനാടിനും കാര്‍ഷിക മേഖലയ്ക്കും നഷ്ടമായത്. പരമ്പരാഗത നെല്‍ കൃഷി സംരക്ഷണത്തിന് 2023- ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011 ല്‍ ഹൈദരാബാദില്‍ നടന്ന ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയല്‍ രാമനായിരുന്നു. 2016-ല്‍ ജനിതക സംരക്ഷണ പുരസ്‌കാരവും ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡും ലഭിച്ചു. 2026-ല്‍ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ലഭിച്ചു. മണ്ണിന്റെ സുഗന്ധമുള്ള ചെറുവയല്‍ വീടിന്റെ ഉമ്മറത്ത് ഇനി രാമേട്ടനില്ല.

Advertisement

Related News