പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?

Advertisement
Featured Image

ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി നിരക്കുകൾ പുതുക്കി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. പെട്രോൾ കയറ്റുമതിക്കുള്ള നികുതി അഞ്ചിരട്ടി വർദ്ധിപ്പിച്ച് ലിറ്ററിന് 50 പൈസയിൽ നിന്ന് 2.50 രൂപയാക്കിയിരിക്കുകയാണ്. അതേ സമയം, ഡീസലിന്റെ കയറ്റുമതി ഡ്യൂട്ടിയിൽ ലിറ്ററിന് 7.50 രൂപയുടെ കാര്യമായ കുറവ് വരുത്തി 16 രൂപയിൽ നിന്ന് 8.50 രൂപയായി കുറച്ചിട്ടുണ്ട്. ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്നു. അതേ സമയം, രാജ്യത്തിനുള്ളിലെ സാധാരണക്കാർക്ക് വിൽക്കുന്ന പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന നിരക്കുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ചാണ് വിൻഡ്‌ഫോൾ നികുതി നിരക്കുകൾ സാധാരണയായി ക്രമീകരിക്കുന്നത്. രാജ്യാന്തര തലത്തിൽ ഊർജ്ജ വില ഉയർന്നു നിൽക്കുമ്പോൾ ആഭ്യന്തര ശുദ്ധീകരണ കമ്പനികൾ വിദേശത്തേക്ക് ഇന്ധനം കയറ്റി അയച്ച് കൂടുതൽ ലാഭമുണ്ടാക്കുന്നത് തടയാനാണ് 2022 ജൂലൈയിൽ ഇന്ത്യ ആദ്യമായി വിൻഡ്‌ഫോൾ നികുതി ഏർപ്പെടുത്തിയത്.


പിന്നീട് ഇത് പിൻവലിച്ചെങ്കിലും, യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ 2026 മാർച്ചിൽ സർക്കാർ നികുതി പുനഃസ്ഥാപിക്കുകയായിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴുമാണ് ഇന്ധന കയറ്റുമതി തീരുവകൾ പുനഃപരിശോധിച്ച് നിശ്ചയിക്കുന്നത്. പെട്രോളിന് നികുതി വർദ്ധിപ്പിക്കുകയും ഡീസലിന് നികുതി കുറയ്ക്കുകയും ചെയ്തതിന്റെ കൃത്യമായ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Advertisement

Related News