'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

Advertisement
Featured Image

കൊച്ചി:സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം


നേരത്തെ, നവംബര്‍ മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില്‍ ഡീസല്‍ അടിക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.


പ്രിയദര്‍ശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചിലവ് വര്‍ദ്ധിക്കുന്നതിനസരിച്ച് വരുമാനം വര്‍ധിക്കുന്നതിന് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ടൈമിങ്ങ് കോണ്‍ഫറന്‍സുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം നടത്തണം എന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകളും കുടുംബാംഗങ്ങളും 14 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

Advertisement

Related News