വയനാട് സ്കൂൾ കലോത്സവത്തിലെ ഒപ്പന ജേതാക്കൾക്ക് സ്മാരക എവറോളിംഗ് ട്രോഫി

Advertisement
Featured Image

കൽപ്പറ്റ: മാപ്പിളകലാ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹിപ്സു റഹ്മാന്റെ സ്മരണകൾ പുതുക്കി, അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങൾ പങ്കുവെച്ച അനുസ്മരണ യോഗം ശ്രദ്ധേയമായി. 2026 ഒക്ടോബർ 25 ഞായറാഴ്ച കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളിൽ വയനാട് മാപ്പിളകലാ അസോസിയേഷന്റെയും എച്ച്.ഐ.എം.യു.പി. സ്കൂൾ കൽപ്പറ്റയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


വയനാട് മാപ്പിളകലാ അസോസിയേഷൻ പ്രസിഡന്റ്, അസോസിയേഷൻ ഓഫ് കേരള മാപ്പിളകലാ ഇൻസ്ട്രക്ടേഴ്സ് സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്, കേരള മാപ്പിളകലാ അക്കാദമി ജില്ലാ രക്ഷാധികാരി, കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഹിപ്സു റഹ്മാൻ.


അസ്മിന മേപ്പാടിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ റംല വൈത്തിരി സ്വാഗതം പറഞ്ഞു. എച്ച്.ഐ.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു.


മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി, സിയാദ് തമ്മനം, റഹീന കൊളത്തറ, റഷീദ്, മജീദ് കളപ്പാട്ട്, സിറാജുദ്ദീൻ, റീമ ടീച്ചർ, സജ്ന ടീച്ചർ, ജെസ്സി പുൽപ്പള്ളി, സലിം, ഹാരിസ് ഹാരിസ്, ഷഹ്ബ, സലിം കൽപ്പറ്റ, നൂഷിബ, മുജീബ് കൽപ്പറ്റ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഹിപ്സു റഹ്മാനുമായുള്ള സ്നേഹബന്ധങ്ങളും കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും ഓർത്തെടുത്ത പ്രസംഗങ്ങൾ സദസ്സിനെ വികാരനിർഭരമാക്കി.


വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മാപ്പിളകലാ സംഘടന ഏർപ്പെടുത്തിയ 'ഹിപ്സു റഹ്മാൻ സ്മാരക എവറോളിംഗ് ട്രോഫി' ചടങ്ങിൽ കൈമാറി. പ്രശസ്ത മാപ്പിളകലാ നിരൂപകൻ ഫൈസൽ എളേറ്റിൽ, കമ്മിറ്റി കൺവീനർ മുസ്തഫ മാസ്റ്റർക്കുവേണ്ടി കേരള മാപ്പിളകലാ അക്കാദമി സെക്രട്ടറി അബ്ദുല്ല മാസ്റ്റർക്ക് ട്രോഫി കൈമാറി.


ഹിപ്സു റഹ്മാൻ എന്ന കലാകാരനോടും വ്യക്തിയോടുമുള്ള സ്നേഹവും ആദരവും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണ യോഗം മാപ്പിളകലാ രംഗത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അടയാളപ്പെടുത്തുന്ന ഹൃദയസ്പർശിയായ ചടങ്ങായി മാറി.

Advertisement

Related News