പ്രായപൂർ ത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയായതോടെ "നോ കീസ് ഫോർ കിഡ്സ് " കാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തുടനീളം ബോധവത്കരണ കാമ്പയിൻ നടത്താനാണു തീരുമാനം.
കാമ്പയിന്റെ ഭാഗമായി ജില്ലാ കലോത്സവ വേദികളിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ക്ലാസുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. കുട്ടികൾക്കു വാഹനത്തിന്റെ താക്കോലല്ല സുരക്ഷിതമായ നാളേക്കുള്ള അറിവാണു കൈമാറേണ്ടതെന്നും ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതകാലത്തെ നഷ്ടമാകരുതെന്നും ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു. കുട്ടികൾക്കു വാഹനങ്ങളുടെ താക്കോൽ കൊടുക്കുന്നത് വലിയ അപകടത്തിലേക്കു നയിക്കുമെന്നും മാതാപിതാക്കൾ കേസിൽ പ്രതികളാകുന്ന സാഹചര്യമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്തായി ഇത്തരം സംഭവങ്ങൾ ഏറിവരികയാണെന്നും പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം ഉപയോഗിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

