മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെ നഷ്‌ടമായ ശ്രുതി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്‌ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് വരൻ. മുൻ മന്ത്രി കെ രാജനാണ് ശ്രുതിയുടെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. 2026 ജൂലായിൽ ശ്രുതിയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം നടന്നിരുന്നു.
എല്ലാം അറിഞ്ഞ് കൈപിടിച്ചയാളാണ് സന്ദീപ്. സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്ന് ശ്രുതി വിവാഹശേഷം പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും സന്ദീപും പറഞ്ഞു. വയനാട് ദുരന്തത്തിൽ സ്വന്തം കുടുംബത്തിലെ ഒമ്പത് അംഗങ്ങളെയാണ് ശ്രുതിക്ക് നഷ്‌ടപ്പെട്ടത്. പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചിരുന്നു. വാഹനാപകടത്തിൽ ശ്രുതിക്കും ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരുന്നു.

