വിദ്യാർത്ഥികളിൽ പ്രതിരോധത്തിന്റെ കരുത്തുണർത്തി ലഹരിവിരുദ്ധ സെമിനാർ

Advertisement
Featured Image

കൗമാര-യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ജാഗ്രതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിനുമായി ഡ്രീം വയനാടിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നിർവ്വഹിച്ചു.

​ലഹരി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്നും, കൂട്ടുകാരുടെ തെറ്റായ സ്വാധീനങ്ങളിൽ വീഴാതെ ശക്തമായ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കായിക-സർഗ്ഗാത്മക മേഖലകളിലേക്ക് ശ്രദ്ധ തിരിച്ച് നാളെയുടെ മികച്ച കാവലാളുകളായി മാറാൻ കുട്ടികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

​ചടങ്ങിൽ ഡ്രീം വയനാട് ഡയറക്ടർ ഫാദർ ജിതിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എം.ജെ സ്കൂൾ ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് ഡ്രീം ജില്ലാ കൗൺസിലർ എൻ.റ്റി. റ്റാനിയ നേതൃത്വം നൽകി; ലഹരിവസ്തുക്കളുടെ ചതിക്കുഴികളെക്കുറിച്ചും മാനസിക കരുത്തോടെ അവയെ നിരസിക്കേണ്ട രീതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

​പരിപാടിയിൽ ആൻറി നാർക്കോട്ടിക് ക്ലബ് കൺവീനർ എ.ഡി. പ്രവീൺ,എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ലീഡർ എം.എസ്. ശിഖ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡ്രീം ജില്ലാ കോർഡിനേറ്റർ പി.എം. അഭിനന്ദ് കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ സജീവമായി പങ്കെടുത്തു.

Advertisement

Related News