ബത്തേരി : 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വയനാട് ജില്ലയ്ക്ക് അഭിമാനനേട്ടം. സുൽത്താൻ ബത്തേരി സെന്റ് റോസല്ലോ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർത്ഥികളാണ് സംഘനൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കുട്ടികളെ സംസ്ഥാനതല മത്സരത്തിന് പ്രാപ്തരാക്കുന്നതിൽ എചോം സ്വദേശിയായ ഡാൻസ് ടീച്ചർ നിമിത എൻ.കെ.യുടെ പരിശീലനവും കഠിനാധ്വാനവും നിർണായകമായി.
ഇതോടൊപ്പം നിമിത എൻ.കെ പരിശീലിപ്പിച്ച നാടോടിനൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ഈ നേട്ടം സ്കൂളിനും വയനാട് ജില്ലയ്ക്കും അഭിമാനമായി.

