പഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ഡിസംബർ 31 വരെ ഗതാഗതം പൂർണമായും നിരോധിക്കും എന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും രണ്ടു മാസത്തേക്ക് ഗതാഗത നിരോധനം പ്രതിഷേധം ശക്തം എന്ന മാധ്യമ വാർത്തയെ തുടർന്നാണ് സർവകക്ഷി യോഗം ചേരാനും ഒടുവിൽ തീരുമാനം പിൻവലിക്കാനും കാരണമായത്. റോഡ് അടച്ചിടാതെ ശാസ്ത്രീയമായി പ്രവൃത്തി നടത്താൻ കഴിയുമെന്നിരിക്കെ ജനങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിൽ ഗതാഗതം പൂർണമായും നിരോധിക്കുന്നതിനെതിരെ ജനങ്ങളും, റോഡ് അക്ഷൻ കമ്മിറ്റിയും വ്യാപാരികളും ഓട്ടോ, ടാക്സി, ബസ് ജീവനക്കാർ, സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർവകക്ഷി യോഗത്തിൽ റോഡ് അടച്ചിടാതെ പണികൾ സമയത്ത് പൂർത്തികരിക്കാൻ കഴിയില്ലെന്ന അധികൃതരുടെ വാദത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയവർ ഒറ്റക്കെട്ടായി എതിർത്തതോടെയാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. ഇതിനിടെ ചിലർ പനമരം ചെറിയപാലം മുതൽ ടൗൺ വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് ഒഴിവാക്കി ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ടതു ബഹളത്തിനിടയാക്കി. ചർച്ചക്കൊടുവിൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തില്ലെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള കോൺക്രീറ്റ് തന്നെ നടക്കുമെന്നും, റോഡ് അടച്ചിടുന്നതിന് പകരം പനമരം ചെറിയപാലം മുതൽ ടൗൺ വരെയുള്ള ഭാഗത്ത് നിർമാണം നടക്കുമ്പോൾ റോഡിൻ്റെ ഒരു വശത്തുകൂടി നടവയൽ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടാം എന്നും നടവയൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന് സമീപത്തെ പഞ്ചായത്ത് റോഡിലൂടെ വഴി തിരിച്ചു വീടാമെന്നും അധികൃതർ സർവകക്ഷി യോഗത്തിന് ഉറപ്പ് നൽകി. പണി വേഗത്തിലാക്കുന്നതിന് കൂടുതൽ ജോലിക്കാരെ എത്തിക്കാനുള്ള നടപടി സ്വീകരിച്ചതായും വേണ്ടി വന്നാൽ രാവും പകലും ജോലിക്കാരെ ഉപയോഗിച്ച് 3 മാസത്തിനുള്ളിൽ പണി പൂർത്തികരിക്കുമെന്നും കാരാറുകാരൻ്റെ പ്രതിനിധി അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കോവ ,ജോസ് നിലംമ്പനാട്ട്, എൻ.അജീഷ, പഞ്ചായത്തംഗങ്ങളായ വി.വി.രാജൻ, സാബു നിർവാരം, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, എക്സിക്യുട്ടിവ് എൻജിനിയർ ഐ.കെ. മിഥുൻ, അസിസ്റ്റൻ്റ് എൻജീനിയർ എൻ.ജിതിൻ,
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ അസീസ് കരാർ കമ്പനി പ്രതിനിധി വി.പി.സലീം എന്നിവർ പ്രസംഗിച്ചു.

