വന്യജീവി ആക്രമണ ഭീതി നേരിടുന്ന വനാതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ആശ്വാസമായി വനം വകുപ്പിന്റെ സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി റാപ്പിഡ് റസ്‌പോണ്‍സ് ടീമും കീ സ്റ്റോണ്‍ ഫൗണ്ടേഷനും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കിയത്. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. വെളിച്ചക്കുറവ് കാരണം വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്തത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായ സാഹചര്യത്തിലാണ് വന്യജീവി സംഘര്‍ഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വനംവകുപ്പ് സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. ബേഗൂര്‍, മാനന്തവാടി, പേര്യ റെയ്ഞ്ചുകളിലെ അറവനാഴി, പനവല്ലി, അവരമൂല, എമ്മടി, ഷാണമംഗലം, ബാവലി, മാനിവയല്‍, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂര്‍, പഞ്ചാരക്കൊല്ലി, പണിയന്‍കുഴി മല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയില്‍ എന്നീ പതിനഞ്ചോളം ഇടങ്ങളിലാണ് സോളാര്‍ വിളക്കുകളാല്‍ സുരക്ഷ ഉറപ്പാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കി വന്യമൃഗ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ഗ്രാമതല യോഗങ്ങള്‍ ചേര്‍ന്ന് സൗരോര്‍ജ്ജ തെരുവ് വിളക്കുകളുടെ ദീര്‍ഘകാല പരിപാലനം വനംവകുപ്പ് ഉറപ്പാക്കും. വൈദ്യുതി തടസങ്ങള്‍ ബാധിക്കാത്ത സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചതോടെ രാത്രികാല യാത്രകള്‍ കൂടുതല്‍ സുരക്ഷിതമായതിന്റെ ആശ്വാസത്തിലാണ് വനാതിര്‍ത്തിയിലെ നാട്ടുകാര്‍. വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ ഒന്നിക്കുന്നതിന്റെ മികച്ച മാതൃകയായി പദ്ധതി മാറുകയാണ്.

