യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും

Advertisement
Featured Image

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടും വിഡിയോയും കേൾക്കുന്നതിനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ റെയിൽവേ. ഇത്തരം ശല്യങ്ങൾക്ക് 1,000 രൂപ പിഴ ചുമത്തും. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയന്ത്രണം നടപ്പാക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി.


മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനത്തോടെ സ്പീക്കറിലൂടെ വിഡിയോകളും മറ്റും കേൾക്കുന്നതും കാണുന്നതും വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതു സംബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളിലൂടെ യാത്രക്കാരെ ബോധവൽക്കരിക്കണം. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകണം. സ്പീക്കർ മോഡിൽ പാട്ടുകളും വിഡിയോകളും കേൾക്കരുതെന്നും ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുകളിൽ വ്യക്തമാക്കും


മൊബൈൽ ഉപയോഗിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കാനും നിർദേശിക്കും. ബോധവൽക്കരണ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് ഒക്ടോബർ 20നകം സമർപ്പിക്കാനും ദക്ഷിണ റെയിൽവേ ഡിവിഷൻ ഓഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


ടിക്കറ്റ് പരിശോധകർക്കും പിഴ ചുമത്താം


റെയിൽവേ നിയമത്തിലെ 145ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശല്യം സൃഷ്ടിക്കുന്നവരെ ട്രെയിനിൽനിന്ന് നീക്കാനും ടിക്കറ്റ് റദ്ദാക്കുന്നതിനൊപ്പം പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. ശല്യം തുടരരുതെന്ന് റെയിൽവേ ജീവനക്കാരൻ നിർദേശിച്ചിട്ടും ആവർത്തിച്ചാൽ 6 മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ടിക്കറ്റ് എക്സാമിനർ (ടിടിഇ) റാങ്കിൽ കുറയാത്ത അധികാരപ്പെട്ട വാണിജ്യ വിഭാഗം ജീവനക്കാർക്കാണ് ഇതിനുള്ള അധികാരം, 2012ൽ തന്നെ ട്രെയിനുകളിലെ ഉച്ചത്തിലുള്ള സംസാരം, ദീർഘനേരത്തെ ഫോൺ സംഭാഷണങ്ങൾ, അസ്വസ്ഥതയുണ്ടാക്കുന്ന റിങ്‌ ടോണുകൾ എന്നിവ നിയന്ത്രിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സ്പീക്കർ മോഡിൽ ഓഡിയോയും വിഡിയോകളും കേൾക്കുന്നതിനെതിരെയും നടപടി വരുന്നത്

Advertisement

Related News