ഓരോ മണിക്കൂറിലും 20 പേർ റോഡുകളിൽ മരിച്ചുവീഴുന്നു, യുദ്ധങ്ങളിൽ പോലും ഇത്രയും മരണം കാണാനാകില്ലെന്ന് നിതിൻ ഗഡ്കരി

Advertisement
Featured Image

ഇന്ത്യയിലെ റോഡുകളിൽ ഓരോ മണിക്കൂറിലും 20 പേരുടെ ജീവൻ പൊലിയുന്നുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഓരോ വർഷവും കവർന്നെടുക്കുന്ന അത്രയും ജീവനുകൾ യുദ്ധങ്ങളോ രോഗങ്ങളോ പോലും കവരുന്നില്ല. പ്രതിവർഷം ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം റോഡപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് 1.8 ലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. മരണപ്പെടുന്നവരിൽ 66 ശതമാനം പേരും യുവാക്കളാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലിയിൽ നടന്ന റോഡ് സുരക്ഷാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി.

കഴിഞ്ഞ വർഷം മാത്രം, ഹെൽമറ്റ് ധരിക്കാത്തത് കാരണം 54,132 പേർക്ക് ജീവൻ നഷ്ടമായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി വെളിപ്പെടുത്തി. റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 45 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഓരോ മണിക്കൂറിലും 20 പേരാണ് നമ്മുടെ റോഡുകളിൽ മരിച്ചുവീഴുന്നത്. രോഗങ്ങളിലോ യുദ്ധങ്ങളിലോ പോലും ഇത്രയും വലിയ തോതിലുള്ള മരണം കാണാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡപകടങ്ങൾ ഓരോ വർഷവും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം ഇല്ലാതാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement

Related News