ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച.

Advertisement
Featured Image

വൈദ്യുതാപകടം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം ദേശീയ സുരക്ഷാവാരമായി ആചരിക്കുന്നു. വൈദ്യുത സുരക്ഷാവാരത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 10.15ന് കല്‍പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. വൈദ്യുത സുരക്ഷാവാരത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ വൈദ്യുത സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വൈദ്യുതിയെക്കുറിച്ചും അത് ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇന്ദ്രിയങ്ങള്‍ കൊണ്ട് വൈദ്യുതിയുടെ സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ പറ്റില്ല എന്നതിനാല്‍ വൈദ്യുതിമൂലമുള്ള അപകടങ്ങള്‍ മറ്റ് അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 


വൈദ്യുതി ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ മാത്രം വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കുക. കോണ്‍ട്രാക്ടറുമായി എഴുതി തയ്യാറാക്കിയ ഉടമ്പടി ഉണ്ടാക്കുന്നത് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഭാവിയില്‍ വയറിങ്ങില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമ്പോള്‍ സഹായകമാകുന്ന രീതിയില്‍, വയറിംഗിന്റെ രൂപരേഖ ആദ്യമേതന്നെ തയ്യാറാക്കി നല്‍കാന്‍ കോണ്‍ട്രാക്ടറോട് നിഷ്‌കര്‍ഷിക്കുക. ഐഎസ്‌ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക. വിലക്കുറവ് മാത്രം നോക്കി സാമഗ്രികള്‍ വാങ്ങുന്നത് ഭാവിയില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായേക്കാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിപുലീകരണം കൂടി കണ്ട് ആവശ്യത്തിന് സ്‌പെയര്‍/ഡമ്മി വയറിംഗ് പോയിന്റുകള്‍ നല്‍കുക. ഭാവിയില്‍ ഇലക്ട്രക് കാര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം, സോളാര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ വയറിംഗിന്റെ ആരംഭത്തില്‍ തന്നെ കറണ്ട് റേറ്റിംഗ് കൂടിയ വയര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.


വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. ജോലികള്‍ അംഗീകൃത ലൈസന്‍സുള്ള കോണ്‍ട്രാക്ടര്‍ വഴി മാത്രമേ ചെയ്യിക്കാവൂ.

മെയിന്‍ സ്വിച്ചില്‍നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവര്‍ത്തനക്ഷമമായ ആര്‍സിസിബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. ഇത് സ്ഥാപനമുടമയും തൊഴിലുടമയും ഉറപ്പുവരുത്തണം.

30 മില്ലി ആമ്പിയര്‍ ലീക്കേജില്‍ ട്രിപ്പാകുന്ന ആര്‍സിസിബിയാണ് ഉപയോഗിക്കേണ്ടത്. വിവിധ ജോലികള്‍ നടക്കുന്നുണ്ടെങ്കില്‍ ഓരോ വിഭാഗത്തിനും പ്രത്യേകംആര്‍സിസിബി നല്‍കുന്നതായിരിക്കും ഉചിതം. എല്ലാദിവസവും ജോലി ആരംഭിക്കുന്നതിനുമുമ്പ് പുഷ് ബട്ടണ്‍ അമര്‍ത്തി ആര്‍സിസിബിയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. സ്വിച്ച് ബോര്‍ഡുകളിലേക്ക് സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിനായി ത്രികോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ജോയിന്റുകളുള്ള വയറുകള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. 

വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നിലധികം ഉപകരണങ്ങള്‍ ഒരു സോക്കറ്റില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഡ്രില്ലിങ് മെഷിന്‍ പോലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ അതിന്റെ കോഡ് വയറില്‍ തൂക്കിയെടുത്ത് കൈകാര്യം ചെയ്യരുത്.


വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ആര്‍സിസിബിയുടെ മുകളിലുള്ള പുഷ് ബട്ടണ്‍ അമര്‍ത്തി അതിന്റെ പ്രവര്‍ത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തുക. തകരാറുള്ളപക്ഷം ഉടന്‍തന്നെ മാറ്റി സ്ഥാപിക്കുക. ലെസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി മാത്രമേ വയറിംഗില്‍ മാറ്റങ്ങള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ പാടുള്ളൂ. ലോഡില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ആ വിവരം അറിയിക്കുക. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ. പുരയിടത്തില്‍ വിവിധ പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവ എര്‍ത്തിംഗ് സംവിധാനത്തിന് കേടുവരുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. വൈദ്യുതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയേക്കാള്‍ ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കുക. വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കുക. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ടേബിള്‍ ഫാന്‍ ഉപയോഗിച്ച് തലമുടി ഉണക്കരുത്. കേടായ വൈദ്യുതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയെ മാത്രം സമീപിക്കുക.

കുട്ടികള്‍ക്ക് കൈയ്യെത്തുന്ന വിധത്തില്‍ വൈദ്യുതോപകരണങ്ങള്‍, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാതിരിക്കുക.

ലോഹ തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക. വൈദ്യുതലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷക്കമ്പുകള്‍ മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ക്ക് പൂര്‍ണ്ണസഹകരണം നല്‍കുക. ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപ്പിടിത്തമുണ്ടായാല്‍ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കരുത്. സ്വിച്ച്/മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഉടന്‍ വൈദ്യുതബന്ധം വിഛേദിക്കുക. വൈദ്യുതിവാഹനം (പ്രത്യേകിച്ച് കാര്‍) വാങ്ങുകയാണെങ്കില്‍ മെയിന്‍ സ്വിച്ചില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം സര്‍ക്യൂട്ട് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന വയര്‍ ചെയ്ത് ചാര്‍ജ്ജിംഗ് പോയിന്റ് ക്രമീകരിക്കണം. വൈദ്യുത സ്‌കൂട്ടര്‍, കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനി തന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ്ജ് ചെയ്യുക. അല്ലാത്തപക്ഷം ബാറ്ററി കേടാവാനും തീപിടിക്കാനും സാധ്യതയുണ്ട്. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് മനുഷ്യനും ജീവികള്‍ക്കും ജീവഹാനി ഉണ്ടാക്കുമെന്നതിനാല്‍ ഒരുകാരണവശാലും അപ്രകാരം ചെയ്യരുത്. ഗുണനിലവാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ വഴി മാത്രമേ വൈദ്യുതവേലി ഊര്‍ജ്ജീകരിക്കാന്‍ പാടുള്ളൂ. വൈദ്യുതവേലി ഊര്‍ജ്ജീകരിക്കുന്നതിനുമുമ്പ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് നിയമാനുസൃത അനുവാദം വാങ്ങണം. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

Advertisement

Related News