സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളില്‍ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി.മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാനത്താകെ 58 വീടുകള്‍ പൂർണ്ണമായും 687 വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തില്‍ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നു
അതേസമയം, പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ശമനമായിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടൻ മേഖലയെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ പ്രളയസ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.എറണാകുളത്ത് 5 ക്യാമ്പുകളിലായി 21 കുടുംബങ്ങള്‍
അതേസമയം എറണാകുളം ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 57 പേർ താമസിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 21 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളില്‍ പാർപ്പിച്ചിരിക്കുന്നത്. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ആണ് ഉള്ളത്. ഇതില്‍ 12 പേർ വയോജനങ്ങളാണ്. കോതമംഗലം കുന്നത്തുനാട് താലൂക്കുകളില്‍ രണ്ട് വീതവും മൂവാറ്റുപുഴയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

