സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍

Advertisement
Featured Image

സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി.


വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്. രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം ഡോക്ടറെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.


കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തിയത്. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തുവരവെയാണ് ശിവപ്രസാദ് വിജിലൻസിന്റെ പിടിയിലായത്.


വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഇയാള്‍ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്.


സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.


കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ ശംഭുനാഥ്. കെ സബ്‌ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർ അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസർ ശോജി, രാഹുല്‍ എന്നിവർ അടങ്ങുന്ന സംഘമാണ് ഡോ.ശിവപ്രസാദിനെ പിടികൂടിയത്.

Advertisement

Related News