സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇൻഡിഗോ; റിയാദ് വിമാനങ്ങൾ ഒക്ടോബർ 31 വരെ റദ്ദാക്കി

Advertisement
Featured Image

ദില്ലി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയ നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.


‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും’ ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.


വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Advertisement

Related News