ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും, പാസാകാൻ 75 ശതമാനം മാർക്ക് വേണം

Advertisement
Featured Image

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കുംവിധം മോട്ടോർവാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ 30 മിനിറ്റെങ്കിലും നടത്താനും ഇത് പാസാവാനുള്ള മാർക്ക് 60-ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരടു ചട്ടം നിർദേശിക്കുന്നത്.


പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളാകും സൗജന്യമാക്കുക. എന്നാൽ അന്തിമവിജ്ഞാപനം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനു ശേഷമാകും അന്തിമവിജ്ഞാപനം.


ലൈസൻസിലെ പേരിലും വിലാസത്തിലും മാറ്റം വരുത്താനുള്ളതിലുൾപ്പെടെ വിവിധ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണം.


ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി., ഇ- റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസത്തിന് ആധാരമാക്കാവുന്ന രേഖയിൽനിന്ന് എൽ.ഐ.സി. പോളിസി ഒഴിവാക്കി. ലൈസൻസുകൾ ലാമിനേറ്റ് ചെയ്‌തോ പി.വി.സി. കാർഡായോ നൽകണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

Advertisement

Related News