റോഡിലെ നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്നുണ്ടെങ്കിലും മൂന്നാഴ്ചയോളമായിട്ട് വിവരങ്ങൾ കൺട്രോൾ റൂമിലെത്തുന്നില്ല. ക്യാമറകൾ പകർത്തുന്ന നിയമ ലംഘനങ്ങൾ പരിശോധിച്ച് ഇ-ചെലാൻ അയക്കേണ്ട കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്കാണ് സെപ്റ്റംബർ ഒന്നു മുതൽ തടസ്സപ്പെട്ടത്.
പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുമ്പോഴും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പദ്ധതി ആരംഭിച്ചശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്നാണ് സംവിധാനം വീണ്ടും പ്രതിസന്ധിയിലായത്.
സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂർണമായി നിലച്ചത്. കഴിഞ്ഞമാസവും ഇന്റർനെറ്റ് കുടിശ്ശികയെ തുടർന്ന് എ.ഐ. ക്യാമറ പദ്ധതി പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്‌കാലികമായി സംവിധാനം പ്രവർത്തിപ്പിച്ചത്. ഇത്തവണ ഫയർവാൾ സേവനം കൂടി നിലച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി തടസ്സപ്പെട്ടു.
*ആശ്വസിക്കേണ്ട, ചെലാനുകൾ പിന്നാലെയെത്തും*
ഡേറ്റാ കൈമാറ്റം നിലച്ചെങ്കിലും റോഡുകളിലെ 726 എ.ഐ. ക്യാമറകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുമുണ്ട്. കുടിശ്ശിക തീർത്ത് സിം കണക്ഷനുകളും ഫയർവാൾ സംവിധാനവും പുനഃസ്ഥാപിക്കുന്നതോടെ ഈ വിവരങ്ങൾ കൂട്ടത്തോടെ കൺട്രോൾ റൂമുകളിലെത്തും. അതിനാൽ നിലവിലെ തടസ്സകാലയളവിൽ നിയമലംഘനം നടത്തിയവർക്ക് പിന്നീട് കൂട്ടത്തോടെ പിഴ നോട്ടീസ് ലഭിക്കും.
2023 ജൂണിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ, 2026 മേയ് വരെ 1.42 കോടി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 922.04 കോടി രൂപ പിഴ ചുമത്തിയതിൽ 55.52 ലക്ഷം പേരിൽ നിന്നായി 327 കോടി രൂപ ഇതിനകം സർക്കാരിന് ലഭിച്ചു.

