തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കും. 20 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും ഏജന്‍റിനും മാത്രമേ പരിശോധനാ ഹാളിലേക്കു പ്രവേശനം അനുവദിക്കു.
ഒരു സമയം പരമാവധി 30 പേരെ മാത്രമേ സൂക്ഷ്മ പരിശോധനാ ഹാളിലേക്കു പ്രവേശിപ്പിക്കൂ. സൂക്ഷ്മ പരിശോധന രാവിലെ ഒമ്പതിന് ആരംഭിക്കും.സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നവംബർ 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സമയമുണ്ട്. അതിനു ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നത്.