മഞ്ഞപ്പിത്തത്തിന് മുഴകള്‍, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ, വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികള്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കുക വഴിയും മഞ്ഞപ്പിത്തം പകരാം. രോഗത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗം നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുക എന്നതാണ്. പുറത്തുനിന്ന് വെള്ളം കുടിക്കാതിരിക്കുകയാണ് ബുദ്ധി. വർഷകാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനമാവാനിടയുണ്ട്. 60 ഡിഗ്രി ചൂടില്‍ ഒരു മിനിറ്റ് തിളച്ചാല്‍ത്തന്നെ വൈറസുകള്‍ നശിക്കും. അതിനുശേഷം ആറ്റി ഉപയോഗിക്കാം.
മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങള്‍
ചെറിയ പനിയാണ് തുടക്കം. നല്ല ക്ഷീണം തലവേദന, മനംപിരട്ടലും ഛർദ്ദിയും, മൂത്രത്തിനും മലത്തിനും നിറവ്യത്യാസം, അഞ്ച് ദിവസം കഴിഞ്ഞാലേ ശരീരത്തില്‍ മഞ്ഞനിറം കാണൂ. അപ്പോള്‍ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകള്‍ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.