ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക് മോഡലുകൾ കൊണ്ടുപോകുന്നതോ അവ ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യുന്നതോ ഇനി അനുവദിക്കില്ല. നേരെത്തെ രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ച പവർ ബാങ്ക് മോഡലുകൾക്കാണ് ഖത്തർ എയർവേസിലും നിരോധനം ഏർപ്പെടുത്തിയത്.
അങ്കർ പവർ ബാങ്ക് മോഡലുകളായ A1647/ A1652 / A1681 / A1689 / A1257 എന്നിവയും, അങ്കർ പവർകോർ 10000 ഉം ഈ വർഷം ജൂണിലും A1642 / A1647 / A1652 എന്നീ മോഡലുകൾ 2024 ഒക്ടോബറിലും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. ബാറ്ററിയുടെ അകത്തെ ഷോർട് സർക്യൂട്ട് കാരണം ചൂട് വർധിച്ച് തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഖത്തർ എയർവേസ് വിമാനത്തിലും ഈ പവർ ബാങ്കുകൾക്ക് നിരോധനമേർപ്പെടുത്തിയത്. യാത്രക്കാരുടെ കൈവശം മേൽപ്പറഞ്ഞ നിരോധിച്ചിട്ടുള്ള പവർ ബാങ്കുകൾ ഉണ്ടെങ്കിൽ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും യാത്രക്ക് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നും ഖത്തർ എയർവേസ് അധികൃതർ പ്രസ്‌താവനയിൽ വ്യക്തമാക്കി