ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് വാർഷിക ഫാസ്ടാഗ് പാസ് അവതരിപ്പിച്ചത്. 3,000 രൂപ ഒറ്റത്തവണ അടച്ചാൽ 200 തവണ അല്ലെങ്കിൽ ഒരു വർഷത്തേക്ക് ടോൾ കടക്കാൻ കഴിയും. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതിനനുസരിച്ച് പാസിന്റെ കാലാവധി അവസാനിക്കും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതി.
60 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒറ്റത്തവണ കുറഞ്ഞ തുക നല്‍കി ടോള്‍ പണം അടയ്ക്കുന്നത് ലളിതമാക്കാനും വാർഷിക പാസ് സഹായിക്കും. മാത്രമല്ല, ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനും വേഗത്തില്‍ പണം അടച്ച് മുന്നോട്ട് പോകാനും സഹായിക്കുന്ന ഈ പദ്ധതി യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഉപകരിക്കും. നിലവില്‍ ആക്ടീവായവയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചതുമായ ഫാസ്ടാഗിലേക്ക് ഈ പാസ് നേരിട്ട് ലിങ്ക് ചെയ്യാം.
വാര്‍ഷിക ടോള്‍ ചെലവ് 10,000ത്തില്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയും. ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും മാത്രമാണ് ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കുകയെന്നതും പാസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ഈ വര്‍ഷം ജൂണിലാണ് വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള പ്രീപെയ്ഡ് ടോള്‍ പ്ലാൻ പ്രഖ്യാപിച്ചത്. ഈ പദ്ധതി ദൈനംദിന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ