ആധാർ കാർഡ് ഇന്ത്യക്കാരുടെ പ്രധാന തിരിച്ചറിയല്‍ രേഖയാണ്. സാമ്പത്തിക സേവനങ്ങള്‍ മുതല്‍ സർക്കാർ സേവനങ്ങള്‍ വരെ എല്ലാം ഇതിനെ ആശ്രയിച്ചാണ്. എന്നാല്‍, ഈ രേഖ ശ്രദ്ധയോടെ കൈകാര്യം ചെയ്യാതിരുന്നാല്‍ ദുരുപയോഗത്തിന് ഇരയാകാം. ആധാർ കാർഡ് ദുരുപയോഗം ചെയ്താല്‍ പല പ്രശ്നങ്ങളും ഉടമയ്ക്ക് നേരിടേണ്ടി വന്നേക്കാം. ആധാർ സുരക്ഷിതമായി സൂക്ഷിക്കാനും അതിന്റെ ഉപയോഗം നിരീക്ഷിക്കാനും യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് ആധാർ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കും.
ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം..?
* myAadhaar വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുക.
* ആധാർ നമ്പറും കാപ്ച്ച കോഡും നല്‍കി ‘Login With OTP’ ക്ലിക്ക് ചെയ്യുക.
* രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയക്കും. അത് നല്‍കി അക്കൗണ്ടില്‍ ലോഗിൻ ചെയ്യുക.
* ‘Authentication History’ ഓപ്ഷൻ തിരഞ്ഞെടുത്ത് ഇവിടെ, പരിശോധിക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കുക.
* ലോഗില്‍ അപരിചിതമായ ഇടപാടുകള്‍ ഉണ്ടെങ്കില്‍ ഉടൻ യുഐഡിഎഐ-യില്‍ പരാതി നല്‍കുക.
ആധാർ കാർഡ്ലോക്ക് ചെയ്യാം
ആധാർ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും യുഐഡിഎഐ അനുവദിക്കുന്നു. ഇത് ദുരുപയോഗം തടയാൻ സഹായിക്കും. വ്യാജക്കാരും തട്ടിപ്പുകാരും ആധാർ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക, മൊബൈല്‍ നമ്പറുകള്‍ ക്ലോണ്‍ ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നത് അത്യാവശ്യമാണ്. ബയോമെട്രിക്സ് ലോക്ക് എന്നത് വിരലടയാളം, മുഖം എന്നിവ പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ആരും അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്ന ഒരു സുരക്ഷാ സവിശേഷതയാണ്.
എങ്ങനെ ബയോമെട്രിക്സ് ലോക്ക് ചെയ്യാം..?
* ഔദ്യോഗിക വെബ്സൈറ്റ് www.uidai.gov.in സന്ദർശിക്കുക.
* ‘മൈ ആധാർ’ ടാബില്‍ ‘ആധാർ സേവനങ്ങള്‍’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
* തുടർന്ന് ‘ലോക്ക്/അണ്‍ലോക്ക് ബയോമെട്രിക്സ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* സ്ക്രീനില്‍ ഒരു പുതിയ ടാബ് തുറക്കും.
* ‘ലോക്ക് ബയോമെട്രിക്‌സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
* ഇതോടെ ബയോമെട്രിക്സ് ലോക്ക് ചെയ്യപ്പെടും
ആധാർ എങ്ങനെ അണ്‍ലോക്ക് ചെയ്യാം..?
ബയോമെട്രിക്സ് ലോക്ക് ചെയ്ത ശേഷം അത് അണ്‍ലോക്ക് ചെയ്യാതെ അത് ഉപയോഗിക്കാൻ കഴിയില്ല. ഏത് സമയത്തും അവ അണ്‍ലോക്ക് ചെയ്യാൻ മുകളിലെ അതേ പ്രക്രിയ പിന്തുടരുക, ഏറ്റവും ഒടുവില്‍ ‘ബയോമെട്രിക്സ് അണ്‍ലോക്ക് ചെയ്യുക’ തിരഞ്ഞെടുക്കുക.