ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനം. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്തുമസും. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്ര വിളക്കുമായി വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.
തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി മലയോരത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയും പാതിരാ കുര്‍ബാനയും നടന്നു. വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍. കോവിഡ് കാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ നല്‍കുന്നത് അതീജിനത്തിനുള്ള കരുത്തുകൂടിയാണ്. നിയന്ത്രണങ്ങള്‍ക്കിടയിലെങ്കിലും ഇരട്ടിയാണ് ഇത്തവണ ആവേശം. ആള്‍ക്കൂട്ടങ്ങള്‍ ഇല്ല. ആരവങ്ങള്‍ കുറവ്. വിശ്വാസികള്‍ വീടുകളിലാണ്.എങ്കിലും പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ മുടങ്ങിയില്ല. തിരുപിറവിയുടെ സ്മരണങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സില്‍ പ്രതീക്ഷയുടെ നക്ഷത്രമായി.
ആഘോഷങ്ങള്‍ വീട്ടിലൊതുങ്ങിയ ഈ ക്രിസ്മസ് കാലം പുതിയ അനുഭവമാണ്. പാഠമാണ്. ഏറ്റവും അടുത്തൊരു പുലരിയില്‍ ലോകം ഉണരുന്നത് മഹാമാരിയില്ലാത്ത നന്മയുടെ കാലത്തേക്കാണ്. ഇരട്ടി ആഘോഷങ്ങളോടെയുള്ള അടുത്ത ക്രിസ്തുമസ് കാലത്തിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കാം.