പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം.
പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ
പ്രമേഹം ഉണ്ടാകുന്നത് ജനിതക ഘടകങ്ങളുടെയും ജീവിതശൈലീ ഘടകങ്ങളുടെയും സംയോജനം മൂലമാണ്. പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും പൊണ്ണത്തടിക്ക് കാരണമാകും. ഇത് ഒരു അപകട ഘടകമാണെങ്കിലും പഞ്ചസാര പ്രമേഹമുണ്ടാകാന്‍ നേരിട്ടുള്ള കാരണമല്ല.
അമിത ഭാരമുളളവര്‍ക്ക് മാത്രമേ പ്രമേഹം വരൂ
ഭാരം ഒരു ഘടകമാണെങ്കിലും, മെലിഞ്ഞ ആളുകള്‍ക്ക് പോലും ടൈപ്പ് 2 പ്രമേഹം വരാം, പ്രത്യേകിച്ച് വിസറല്‍ കൊഴുപ്പ് ഉണ്ടെങ്കിലോ പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ മെലിഞ്ഞവര്‍ക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. മെലിഞ്ഞിരിക്കുകയാണ് എനിക്ക് പ്രമേഹം ഉണ്ടാവില്ല എന്നുകരുതി ഇത്തരക്കാര്‍ പ്രമേഹ പരിശോധന വൈകിപ്പിക്കുകയോ ലക്ഷണങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്നത് അപകടമാണ്.
Image
പ്രമേഹം ഗുരുതരമല്ല
പ്രമേഹം ഗുരുതരമല്ല എന്ന് കരുതുന്നത് വലിയ മണ്ടത്തരമാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദ്രോഗം, വൃക്ക തകരാറ്, അന്ധത, നാഡികളുടെ തകരാറ് എന്നിവയ്ക്ക് കാരണമാകും.ഗുരുതരമല്ല എന്ന് കരുതി രോഗത്തെ കുറച്ചുകാണുന്നത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞേക്കാം.
നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന് സ്വയം മനസിലാക്കാന്‍ സാധിക്കും
പ്രമേഹം ഉണ്ടെന്ന് ഒരിക്കലും സ്വയം മനസിലാക്കാന്‍ സാധിക്കില്ല. ടൈപ്പ് 2 പ്രമേഹമുള്ള പലര്‍ക്കും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതുവരെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല.രോഗനിര്‍ണയം നടത്താതിരുന്നാല്‍ പ്രമേഹം അവയവങ്ങളെ നിശബ്ദമായി തകരാറിലാക്കും.
പ്രമേഹമുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ കഴിയില്ല
പ്രമേഹമുള്ളവര്‍ക്കും ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്. സങ്കീര്‍ണ്ണവും നാരുകളാല്‍ സമ്പുഷ്ടവുമായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുത്ത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് പോഷകാഹാര അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
ഇന്‍സുലിന്‍ ഒരു അവസാന ആശ്രയമാണ്
ഇന്‍സുലിന്‍ ഒരിക്കലും പ്രമേഹത്തിന്റെ അവസാന ആശ്രയമല്ല. ഇന്‍സുലിന്‍ ഒരു ജീവന്‍ രക്ഷിക്കുന്ന ഹോര്‍മോണാണ്. ഭയം കാരണം ഇന്‍സുലിന്‍ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം വഷളാക്കിയേക്കാം.
പ്രകൃതിദത്ത പരിഹാരങ്ങള്‍ പ്രമേഹം ഭേദമാക്കും
സ്വയം ചെയ്യുന്ന പ്രകൃതിദത്ത ചികിത്സകള്‍ കൊണ്ട് ഒരിക്കലും പ്രമേഹം ഭേദമാക്കാന്‍ സാധിക്കില്ല. ഒരു ഔഷധത്തിനും പ്രമേഹം സുഖപ്പെടുത്താന്‍ കഴിയില്ല. ചിലത് പ്രമേഹ നിയന്ത്രണത്തിന് സഹായിച്ചേക്കാം. സ്വയം ചികിത്സകള്‍ ഫലപ്രദമായ പരിചരണം വൈകിപ്പിക്കാന്‍ കാരണമാകും.
ടൈപ്പ് 2 പ്രമേഹം നേരിയ തോതില്‍ മാത്രമേ ഉണ്ടാകൂ
ടൈപ്പ് 2 പ്രമേഹം എന്നല്ല ഒരു തരത്തിലുള്ള പ്രമേഹവും നിസ്സാരമല്ല. ടൈപ്പ് 2 പ്രമേഹം അവഗണിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
Image
പ്രമേഹരോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല
പ്രമേഹരോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല എന്നത് തെറ്റായ തോന്നലാണ്. ശരിയായ ജീവിതശൈലിയും ചികിത്സയും ഉണ്ടെങ്കില്‍, പ്രമേഹമുള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും.
കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരില്ല
കുട്ടികള്‍ക്കും ടൈപ്പ് 2 പ്രമേഹം വരും. കുട്ടിക്കാലത്തുള്ള പൊണ്ണത്തടി വര്‍ദ്ധിച്ചുവരികയാണ്. അതോടൊപ്പം, ടൈപ്പ് 2 പ്രമേഹവും നേരത്തെ തന്നെ ആരംഭിക്കുന്നു. കൊച്ചുകുട്ടികളിലെ പല ലക്ഷണങ്ങളും മാതാപിതാക്കള്‍ അവഗണിക്കുന്നത് അവരില്‍ അസുഖത്തിന്റെ തോത് വര്‍ധിക്കാനിടയാക്കും.