മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ
ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു.
എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ 410 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകൾ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 252 വീടുകൾ നിർമ്മിക്കുന്നതിനായി ക്ലിയറിങ് ആൻഡ് ഗ്രബ്ബിങ് പ്രവൃത്തി പൂർത്തിയായി. 103 വീടുകളുടെ കോൺ പെനട്രേഷൻ ടെസ്റ്റ് (മണ്ണിന്റെ ഘടന പരിശോധിക്കുന്നത്), 51 വീടുകളുടെ
പ്ലെയിൻ സിമന്റ് കോൺക്രീറ്റ് എന്നിവയും പൂർത്തിയായി.
187 വീടുകൾക്ക് ഏഴ് സെന്റ് വീതിയുള്ള ഭൂമിയിലേക്ക് അതിരുകൾ നിശ്ചയിച്ചു.
നിലവിൽ ആദ്യ സോണിലെ നിർമ്മാണം പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുകയാണ്. 101 വീടുകളുടെ ബിൽഡിങ് സെറ്റ് ഔട്ട്, 84 വീടുകളുടെ ഉത്ഖനനം, 36 വീടുകളുടെ ഫൂട്ടിങ് കോൺക്രീറ്റ്, 27 വീടുകളുടെ സ്റ്റം കോളം, ഏട്ട് വീടുകളുടെ ബീമുകളുടെ കോൺക്രീറ്റ്, ആറ് വീടുകളുടെ കോളം കോൺക്രീറ്റ് എന്നിവയും പൂർത്തിയായി. ജൂലൈ 30ന് ആദ്യ സോണിലെ ഒരു വീടിന്റെ കോളം, റിങ് ബീം, റൂഫ് സ്ലാബ് കോൺക്രീറ്റ്, പാരപെറ്റ്, പ്ലാസ്റ്ററിങ്, ടൈൽ വർക്ക് ഉൾപ്പെടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കിയിരുന്നു.
അതിജീവിതർക്കായി 105 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ മാതൃക വീട് കാണാനായി ഗുണഭോക്താക്കൾക്ക് പുറമെ നിരവധി ആളുകളും എത്തുന്നുണ്ട്. എൽസ്റ്റണിൽ കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി 2025 ഡിസംബർ 31 നകം ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ച് 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറും.
*പൊതുസൗകര്യങ്ങളോടുകൂടി ടൗൺഷിപ്പ്*
വീടുകളുടെ നിർമാണപ്രവർത്തനത്തിനൊപ്പം
പൊതുജന ആരോഗ്യ കേന്ദ്രം,
മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ,
അങ്കണവാടി, പബ്ലിക് ടോയ്‌ലറ്റ്,
ലാൻഡ്സ്കേപ്പിങ്, ചെക്ക് ഡാം,
സ്മാരകം, ദുരന്ത നിവാരണ കേന്ദ്രം,
ഓപ്പൺ എയർ തിയേറ്റർ, ഫുട്ബോൾ ഗ്രൗണ്ട്,
പൂന്തോട്ടം, മെറ്റീരിയൽ ശേഖരണ സൗകര്യം,
യുജി കേബിളിങ് സ്ട്രീറ്റ് ലൈറ്റിങ്, പാലങ്ങളും കൽവർട്ടുകളും,
ഇൻ്റർലോക്ക് നടപ്പാതകൾ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്.
റോഡ് നിർമാണത്തിന് മുന്‍പുള്ള ഒരുക്കങ്ങളുടെ ഭാഗമായി മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു കഴിഞ്ഞു.