വയനാട് ജില്ലയിൽ 2024 ജനുവരി മുതൽ അതിഥി തൊഴിലാളികൾക്കിടയിൽ റിപ്പോർട്ട് ചെയ്തത് 23 മന്ത് കേസുകൾ മാത്രം. 2024 ജനുവരി 1 മുതൽ 2025 ജൂലൈ 10 വരെയുള്ള കാലയളവിൽ ആണിത്. മലേറിയ, മന്ത് എന്നീ രോഗങ്ങൾക്കായി സ്‌ക്രീനിംഗ് ക്യാമ്പുകളിൽ നടത്തിയ പരിശോധന യിൽ പക്ഷെ ഒറ്റ മലേറിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതിഥി പോർട്ടൽ, തൊഴിൽ വകുപ്പ് എന്നിവയുടെ കണക്കനുസരിച്ച് വയനാട്ടിൽ 13,557 അതിഥി തൊഴിലാളികളുണ്ട്.
കഴിഞ്ഞ വർഷം 271 സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചു. 6236 പേരെ മന്ത്, മലേറിയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 22 പേർക്ക് മന്ത് റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 1 മുതൽ ജൂലൈ 10 വരെ 43 ക്യാമ്പുകളിലായി 1275 പേരിൽ മന്ത് പരിശോധനയും 889 പേരിൽ മലേറിയ പരിശോധനയും നടത്തിയപ്പോൾ ഒരാൾക്കാണ് മന്തുള്ളതായി കണ്ടെത്തിയത്.
മലേറിയ, മന്ത് എന്നിവ
ഫീൽഡിൽ പോയി പരിശോധിച്ച് കണ്ടുപിടിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് ‘മിസ്റ്റ്’ എന്ന പേരിൽ രാത്രികാല പരിശോധന പദ്ധതി നടപ്പാക്കിയിരുന്നു. രാത്രി 8 മുതൽ എല്ലാ ദിവസവും നടക്കുന്ന രാത്രികാല പരിശോധന സംഘത്തിൽ ഒരു ഡോക്ടറും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുമാണുള്ളത്.
പരിശോധന നടക്കുന്ന ഗ്രാമപഞ്ചായത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ
സഹായങ്ങൾ ഒരുക്കും.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും ഉന്നതികളും കേന്ദ്രീകരിച്ചാണ് മിസ്റ്റ് പരിശോധന കൂടുതലായി നടക്കുന്നത്.
സ്പോട്ടിൽ
മലേറിയ പരിശോധിക്കാനുള്ള ആർഡിടി (റാപിഡ് ഡയഗ്നോസറ്റിക് ടെസ്റ്റ്) കിറ്റുമായാണ് സംഘം പോകുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും
ഒന്നിടവിട്ട മാസങ്ങളിലാണ് രാത്രികാല പരിശോധന. അതിഥി തൊഴിലാളികൾ
കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ എല്ലാ മാസവും പരിശോധനയുണ്ട്.