സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും കമ്ബോളങ്ങളും ഉണർന്നു. എല്ലായിടത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഓണം എത്തിയതോടെ സംസ്ഥാനത്തെ ബിവറേജുകളില്‍ കച്ചവടം സർവകാല റെക്കോഡില്‍ എത്തുന്നത് പതിവാണ്. ഓരോ വർഷവും വില്‍പ്പനയില്‍ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. തിരുവോണം ദിവസമായ വെള്ളിയാഴ്ച (05-09-2025) സംസ്ഥാനത്തെ ബിവറേജുകള്‍ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച ബിവറേജുകളിലെ വില്‍പ്പന ഉയർന്ന തോതിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
തിരുവോണ ദിവസമായ വെള്ളിയാഴ്ച മാത്രമാണ് ഓണത്തോടനുബന്ധിച്ച് ബിവറേജുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. തിരുവോണ ദിവസം കൂടാതെ ഈ മാസം രണ്ട് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്തെ ബിവറേജുകള്‍ പ്രവർത്തിക്കില്ല. സെപ്റ്റംബർ ഏഴ് ശ്രീ നാരായണ ഗുരു ജയന്തി ദിവസത്തിലും സെപ്റ്റംബർ 21 ശ്രീ നാരായണ ഗുരു സമാധി ദിനത്തിലും സംസ്ഥാനത്തെ ബിവറേജുകള്‍ തുറന്ന് പ്രവർത്തിക്കില്ല.
കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചില്‍ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഓണക്കാലത്ത് മാത്രം സംസ്ഥാനത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. തിരുവോണത്തിൻ്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ ബെവ്കോ വിവിധ ഔട്ട് ലെറ്റുകളിലൂടെ 124 കോടി രൂപയുടെ മദ്യ വില്‍പ്പന നടത്തി. കഴിഞ്ഞ തവണ കൊല്ലം ആശ്രമം ഔട്ട് ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്. പുതിയെ റെക്കോഡ് വില്‍പ്പന ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.