വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്.
ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും ആവശ്യപ്പെടുന്നതാണ് പുതിയ രീതി. അതിന് എന്റെ ഗൂഗിള്‍ പേയില്‍ പണമൊന്നും വന്നില്ല! എന്ന് പറഞ്ഞ് ഒഴിവാകാന്‍ വരട്ടെ. അവര് നിങ്ങളെ വെറുതെവിടാന്‍ പോകുന്നില്ല. ചെറിയ തുകകളാണ് തട്ടിപ്പുകാര്‍ ചോദിക്കുന്നത്. ഓണ്‍ലൈനായി ഒരു ചുരിദാര്‍ വാങ്ങി, സാരി വാങ്ങി അപ്പോള്‍ നമ്പര്‍ മാറിപോയി എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്.
ഇത്തരത്തിലുള്ള ഒരു മെസേജിനൊപ്പം നിങ്ങളുടെ ഗൂഗിള്‍പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീന്‍ ഷോട്ടും അയക്കും. പണമയച്ചെന്ന് പറഞ്ഞ് വിളിക്കുന്ന ആള്‍ വളരെ മാന്യമായാണ് നിങ്ങളോട് സംസാരിച്ച് തുടങ്ങുന്നത്. പണം തരില്ലെന്ന് പറഞ്ഞാല്‍ കഥ ആകെ മാറും. നിങ്ങള്‍ ചതിയാണ് ചെയ്യുന്നത്, സോഷ്യല്‍ മീഡിയയില്‍ ഇട്ട് നാണം കെടുത്തും പൊലീസില്‍ പരാതി കൊടുക്കും. തുടങ്ങിയ ഭീഷണികളാണ് അടുത്തത്.
അടുത്ത നീക്കമാണ് ഏറ്റവും പ്രശനം. ഇവര്‍ നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു ക്യൂ ആര്‍ കോഡ് അയക്കും. ‘ നോക്ക് ഇത് നിങ്ങളുടെ ക്യൂ ആര്‍ കോഡ് അല്ലേ? എന്നവര്‍ ചോദിക്കും. ആ ക്യൂ ആര്‍ കോഡ് പരിശോധിക്കാന്‍ പോയാല്‍ നിങ്ങള്‍ കെണിയിലാകും. നിങ്ങളുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. പ്രായമായവരെ നോട്ടമിട്ടുകൊണ്ടാണ് ഈ തട്ടിപ്പ് കൂടുതലും നടക്കുന്നത്. അടുത്തുടെ ഇത്തരം സംഭവങ്ങളള്‍ നടന്നിട്ടുമുണ്ട്.
തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്ത് ചെയ്യാം
പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്കോ മെസേജുകള്‍ക്കോ ഒരിക്കലും മറുപടി കൊടുക്കരുത്. ലിങ്കുകള്‍ തുറന്ന് പരിശോധിക്കരുത്.
മറ്റൊരു കാര്യം മനസിലാക്കേണ്ടത് നിങ്ങള്‍ അയച്ചുകൊടുക്കാതെ ഒരാള്‍ക്കും നിങ്ങളുടെ ക്യൂ ആര്‍ കോഡ് ലഭിക്കില്ല എന്നതാണ്
പരിചയമില്ലാത്ത, സംശയം തോന്നുന്ന ആളുകളുമായി ചാറ്റ് ചെയ്യാന്‍ നില്‍ക്കരുത്. കാരണം നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലായേക്കാം.
നിങ്ങള്‍ക്ക് വരുന്ന ഒടിപി , അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഇവയൊന്നും ഒരാള്‍ക്കും കൈമാറരുത്.