മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താൻസി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ആൻസി മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 2024-ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.ഇവരുടെ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍നിന്ന് കൂടുതല്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ നൂറ താൻസി, മുഹമ്മദ് സ്വാലിഹ് എന്നിവരെ മുണ്ടൂർ പൊരിയാനി ഭാഗത്തുവെച്ച് കസ്റ്റഡിയിലെടുത്തത്.
ഇവർ ആൻസിയില്‍നിന്ന് എംഡിഎംഎ വാങ്ങുവാൻ വന്നതായിരുന്നു. പ്രതികള്‍ വന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മണ്ണാർക്കാട് ഡിവൈസ്പി സന്തോഷ്കുമാർ, നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീർ എന്നിവരുടെ നേതൃത്വത്തില്‍ കോങ്ങാട് ഇൻസ്പെക്ടർ ആർ. സുജിത്കുമാർ, സബ് ഇൻസ്പെക്ടർ വി. വിവേക്, എഎസ്‌ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്സിപിഒമാരായ സാജിദ്, സുനില്‍, പ്രസാദ്, സിപിഒമാരായ ആർ. ധന്യ, വി.വി. ധന്യ, എ. സൈഫുദ്ദീൻ എന്നിവരും ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ മയക്കുമരുന്നടക്കം പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.